കുറവിലങ്ങാട്: ചരിത്രവും പാരമ്പര്യങ്ങളും സമ്മേളിക്കുന്ന കുറവിലങ്ങാട് ഇടവകയിലെ ആത്മീയ ആഘോഷങ്ങളുടെ ഒരുക്കത്തിന്റെ ഭാഗമായി ഇന്ന് അല്മായ നേതൃസംഗമം നടക്കും.
സഭൈക്യവാരത്തിന് വേദിയാകുന്ന പകലോമറ്റം തറവാട് പള്ളിയിലാണ് അല്മായ നേതൃസംഗമം വിളിച്ചുചേർത്തിരിക്കുന്നത്. ഇടവകയിലെ പള്ളിയോഗാംഗങ്ങളും കുടുംബകൂട്ടായ്മ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, ഇടവകയിലെ പ്രമോഷൻ കൗൺസിൽ അംഗങ്ങൾ എന്നിവരാണ് തറവാട് പള്ളിയിൽ ഒത്തുചേരുന്നത്. തിരുനാളിനൊരുക്കമായി കാളികാവ്, കടപ്പൂര് കരക്കാരും കണിവേലിൽ, കരോട്ടേക്കുന്നേൽ കുടുംബക്കാരും സംഗമിച്ച് ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.
സഭൈക്യവാരത്തിന് ഇന്നു വൈകുന്നേരം അഞ്ചിന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി കൊടിയേറ്റും. വിവിധ ദിവസങ്ങളിൽ ഫാ. ജോൺ കൂറ്റാരപ്പള്ളിൽ, ഫാ. ജോസഫ് മണിയഞ്ചിറ, ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. മാത്യു ആലപ്പാട്ടുമേടയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും.
അർക്കദിയാക്കോന്മാരുടെ കബറിടത്തിങ്കലെ ധൂപപ്രാർഥനകൾക്ക് വിവിധ ദിവസങ്ങളിൽ മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ ഫാ. ജെ. മാത്യു മണവത്ത് കോർ എപ്പിസ്കോപ്പ, ആറൂർ മേരിഗിരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. എയ്സൽ പൗലോസ്, കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി അസി. വികാരി ഫാ. എമിൽ ടി. ഏബ്രഹാം, നിലമ്പൂർ മലങ്കര ഭദ്രാസനത്തിലെ ഫാ. ടിനോ മടത്തിൽമണ്ണിൽ, പത്തനംതിട്ട ആഞ്ചിലിക്കുന്ന് ചെങ്ങറ സീറോമലങ്കര പള്ളി വികാരി ഫാ. ജോർജ് കണ്ടത്തിൽപറമ്പിൽ, എറണാകുളം സെന്റ് തോമസ് പൗരസ്ത്യ കൽദായ സുറിയാനി പള്ളി വികാരി ഫാ. എബി പുല്ലൂകാരൻ, കുറവിലങ്ങാട് ഇടവക പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയിൽ എന്നിവർ കാർമികത്വം വഹിക്കും